കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉള്‍പ്പെട്ട കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഇതുസംബന്ധിച്ച കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമര്‍പ്പിച്ചു.

ആരോപണത്തില്‍ പറയുന്ന വീഡിയോദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്നും മനസിലായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രണ്‍ ആണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഇതിന്റെ ഫൂട്ടേജുകള്‍ രഹസ്യമല്ല. സ്ഥാനാര്‍ത്ഥികള്‍ക്കും നടപടിക്രമങ്ങള്‍ പാലിച്ച്‌ ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ അവകാശമുണ്ട്. ഈ ഫൂട്ടേജുകള്‍ പരിശോധിച്ചും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തുമാണ് കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്ബര്‍ ബൂത്തില്‍ കളളവോട്ട് നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. മാതൃഭൂമി ന്യൂസ് ആണ് ഇതുസംബന്ധിച്ച്‌ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 

വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 

സംഭവം വിവാദമായതോടെ എത്ര കള്ളവോട്ട് നടന്നു, എങ്ങിനെ നടന്നു, ആരൊക്കെയാണ് ഉത്തരവാദികള്‍, ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടോ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ പങ്കാളിത്തം, സാന്നിധ്യം, ഭീഷണി, സുരക്ഷാവീഴ്ച എന്നിവയൊക്കെ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടര്‍മാരോട് തേടിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് തെളിഞ്ഞാല്‍ കര്‍ശനമായ ശിക്ഷകളാണ് കുറ്റക്കാരായവരെ കാത്തിരിക്കുന്നത്.
കള്ളവോട്ട് ചെയ്തവരെ തെരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 32 അനുസരിച്ച്‌ പ്രോസിക്യൂട്ട് ചെയ്യാം. രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി. ഡി, എഫ്. വകുപ്പുകളനുസരിച്ച്‌ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ ക്രിമിനല്‍ കേസെടുക്കാം. ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

കള്ളവോട്ട് പ്രാഥമികമായി കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് നടപടികള്‍ ആരംഭിക്കേണ്ടതാണ്. കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 1951 ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 134 അനുസരിച്ച്‌ കൃത്യവിലോപം, തെരഞ്ഞെടുപ്പ് നടപടികള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാം.

കള്ളവോട്ട് നടന്നതായി തെളിഞ്ഞാലും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മിഷന് കഴിയില്ല. അതിനുള്ള അധികാരം കോടതിക്കാണ് . വോട്ടെണ്ണുന്നതിന് മുമ്ബ് കള്ളവോട്ട് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഈ ബൂത്തുകളില്‍ റീപോളിംഗ് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *