വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്ന മുറക്ക് തന്നെ  വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന  ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയാല്‍ മാത്രമേ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാകൂ. എന്നാല്‍ റണ്‍വേയുടെ നീളം 13,000 അടിയായി ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്ര വ്യോമയാന വിഭാഗം വെളിപ്പെടുത്തിയിട്ടുള്ളത്.  ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സും അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദും സൗദി അറേബ്യയുടെ സൗദിയയും എയര്‍ ഇന്ത്യയുമെല്ലാം  അനുമതി ലഭിച്ചാല്‍ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. വലിയ വിമാനങ്ങള്‍ക്ക് വിലക്ക് തുടരുന്നത് മൂലം യത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.

ഓരോ കാരണങ്ങള്‍ കണ്ടെത്തി എയര്‍പ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. എയര്‍പ്പോര്‍ട്ടിനെ തകര്‍ക്കാന്‍  വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇവിടെത്തെ സംഭവവികാസങ്ങള്‍, ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്നാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.
ആറു മാസം കൊണ്ടു പണി തീര്‍ക്കുമെന്ന് പറഞ്ഞ് 2015 മെയ് ഒന്നിനാണ് കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചത്. മാസങ്ങള്‍ കഴിഞ്ഞാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പകല്‍ 12 മുതല്‍ രാത്രി എട്ടു മണിവരെ റണ്‍വേ അടച്ചിട്ടാണ് പണി നടത്തുന്നത്. പണിയുടെ പേരില്‍ വലിയ വിമാനങ്ങളെ വിലക്കുകയായിരുന്നു. ഇതോടെ 2200 ഓളം സീറ്റുകളാണ് പ്രതിദിനം കരിപ്പൂരില്‍ നിന്ന് നഷ്ടമായത്. വിമാനങ്ങള്‍ കുറഞ്ഞതോടെ കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടിയത് ക്രൂരമാണ്. സീസണുകള്‍ മുതലെടുത്ത് യാത്രക്കാരെ കഴുത്തറുക്കുന്ന രീതിയിലുള്ള നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും  കേന്ദ്ര വ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ മജീദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *