ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സമാജ്വാദി പാര്‍ട്ടി- ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സഖ്യം വഴിപിരപിയുന്നുവെന്ന വാര്ത്തകളിന്മേല് പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചുവെന്ന് വച്ച് സഖ്യം എന്നെന്നേക്കുമായി വേര്‍പിരിയുന്നു എന്നല്ല അതിനര്‍ഥമെന്ന് മായാവതി വിശദീകരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ പാര്‍ട്ടി തങ്ങളുടെ ശക്തി പൂര്‍ണമായി വിനിയോഗിക്കുകയും നിലമെച്ചപ്പെടുത്തകയും ചെയ്താല്‍ സഖ്യം ആവര്‍ത്തിച്ചേക്കാം. എന്നാല്‍, വീണ്ടും തകര്‍ച്ചയിലേക്കാണ് എസ്പി നീങ്ങുന്നതെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതായിരിക്കും തങ്ങള്‍ക്ക് നല്ലത്- മായാവതി പറഞ്ഞു.
അഖിലേഷ് യാദവ് തന്നെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും രാഷ്ട്രീയ സഖ്യം മാത്രമാണ് താത്കാലികമായി അവസാനിപ്പിക്കുന്നതെന്നും പറഞ്ഞ മായാവതി അഖിലേഷുമായുള്ള സൗഹൃദം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനു കാരണമായത് പ്രതിപക്ഷ മഹാസഖ്യവും അഖിലേഷ് യാദവുമാണെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബിഎസ്പിക്ക് നേടിനല്‍കാന്‍ എസ്പിക്കു സാധിച്ചില്ലെന്നുമായിരുന്നു മായാവതിയുടെ പരാതി. സ്വന്തം ഭാര്യ ഡിംപിള്‍ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും മായാവതി പരിഹസിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒന്‍പത് എംഎല്‍എമാരും എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാരും ജയിച്ചതിനെ തുടര്‍ ന്നാണ് 11 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ഈ മണ്ഡലങ്ങളിലേക്കു സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാന്‍ മായാവതി പ്രവര്‍ത്തകര്‍ക്കു ഇതിനോടകം നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ മത്സരിച്ച ബിഎസ്പി 10 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 37 സീറ്റുകളില്‍ മത്സരിച്ച സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റു കളില്‍ ഒതുങ്ങി. സംസ്ഥാനത്ത് ബിജെപിക്ക് 62 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസാകട്ടെ ഒരു സീറ്റിലേക്കു മാത്രമായി ചുരുങ്ങി.
