കോഴിക്കോട്: അയോധ്യ വിധിയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്.
വിധിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.
അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും തങ്ങള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ വിധി ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം കൂടുതല്‍ വ്യക്തമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ സമാധാനവും ആത്മ സംയമനവും പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സമാന പ്രതികരണമാണ് നടത്തിയത്.
സുപ്രീം കോടതി വിധി എന്ത് തന്നെയായാലും അതിനെ മാനിക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടാതെ, പ്രകോപനപരമായ പ്രകടനങ്ങള്‍, പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് സംഘടന പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം ജനങ്ങള്‍ വിധിയെ അഭിമുഖീകരിക്കാനെന്നും പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
