തിരുവനന്തപുരം: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എല്‍.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എല്‍. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവര്‍ത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.
”ഫേസ് ബുക്ക് ലൈവില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ അത് പരിശോധിച്ചശേഷം എം.എല്‍.എയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല.സി.പി.എം എം.എല്‍.എയ്ക്ക് ഈ അവസരത്തില്‍ ഒട്ടും ചേരുന്ന പരാമര്‍ശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാര്‍ട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി കൊവിഡ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും”- നാസര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെങ്ങും പാര്‍ട്ടി പ്രവര്‍ത്തകരും ജന പ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സമയമാണ്. ഏതാനും ദിവസം മുമ്ബ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലരും എം.എല്‍.എയും തമ്മിലും സമൂഹമാദ്ധ്യമങ്ങളിലൂടെ വാക്പോരുണ്ടായി. ഇതിലും രണ്ടുകൂട്ടരില്‍ നിന്നും വിശദീകരണം തേടുമെന്ന് നാസര്‍ വെളിപ്പെടുത്തി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എല്‍.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .
കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്ബുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട സമയത്ത് എം.എല്‍.എ ഓഫീസ് പൂട്ടി പ്രതിഭ വീട്ടില്‍ ഇരിക്കുകയാണെന്ന് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും വിമര്‍ശിച്ചിരുന്നു. ഈ സംഭവങ്ങള്‍ വാര്‍ത്തയാക്കിയതില്‍ പ്രകോപിതയായാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള എം.എല്‍.എയുടെ പരിഹാസം.
