ലോക്ക്ഡൗണ്‍: പെട്രോള്‍ പമ്ബ് വ്യാപാരമേഖലയുടെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യം

കോഴിക്കോട്: കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം പെട്രോള്‍ പമ്ബ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി.

സംസ്ഥാനത്ത് ലോക്ക്ഡൗണിന് മുമ്ബുണ്ടായതിനെ അപേക്ഷിച്ച്‌ 95 ശതമാനത്തോളം വില്‍പ്പനയില്‍ കുറവുണ്ടായി. ജീവനക്കാരുടെ ശമ്ബളമുള്‍പ്പെടെയുള്ള ദൈനംദിന ചിലവുകള്‍ പോലും പ്രദാനം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്ന് ലീഗല്‍ സൊസൈറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായാല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധിയ്ക്ക് അല്‍പമെങ്കിലും അയവുണ്ടാവൂ. റിസര്‍വ് ബാങ്ക് എല്ലാ വായ്പ തിരിച്ചടവിനും മൂന്നുമാസത്തേയ്ക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പമ്ബുടമകള്‍ക്ക് ആ ആനുകൂല്യം പോലും ലഭിക്കുന്നില്ല എന്ന സ്ഥിതിയാണുള്ളത്.

ബാങ്കുകള്‍ പമ്ബുടമകള്‍ക്ക് മൂലധന വായ്പ നല്‍കുന്നത് ഇ-ഡി.എഫ്.എസ്. എന്ന സംവിധാനത്തിലൂടെയാണ്. ഇതിനുള്ള ശുപാര്‍ശ നല്‍കുന്നതാകട്ടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനികളും. എന്നാല്‍ ഓയില്‍ കമ്ബനികള്‍ തങ്ങളുടെ ഡീലര്‍മാര്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ ഈ അക്കൗണ്ടുകള്‍ ഇപ്പോള്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ്.

അതോടോപ്പം ചുരുങ്ങിയ കാലയളവിലേയ്ക്ക് ഉല്‍പ്പന്നം കടമായി നല്‍കുന്ന കമ്ബനികള്‍ ഡീലര്‍മാരില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പലിശയാണ് ഈടാക്കുന്നത്. ഓയില്‍ കമ്ബനികള്‍ പുതിയതായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്, പമ്ബുടമകള്‍ എണ്‍പത് ശതമാനത്തോളം ഉല്‍പ്പന്നം സ്റ്റോക്ക് ചെയ്യണമെന്നാണ്. ഇത് നിലവിലുള്ള പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ മാത്രമേ സഹായകരമാകൂ.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം കടമായി നല്‍കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റെല്ലാ അടിസ്ഥാനപരമായ സേവനങ്ങള്‍ക്കും മുടക്കമില്ലാത്ത ഇന്ധനവിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന അവശ്യ സര്‍വ്വീസിന്റെ പരിധിയില്‍ വരുന്ന പെട്രോള്‍ പമ്ബുമേഖലയ്ക്ക് മുന്‍ഗണനാ ക്രമത്തില്‍ തന്നെ അനിവാര്യമായ പിന്തുണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിര്‍ദ്ദേശം ഓയില്‍ കമ്ബനികള്‍ക്ക് നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *