ജിദ്ദ: മാരകമായ കൊറോണാ വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുമ്ബോള്‍ പൊതു ആരാധനാ കേന്ദ്രങ്ങളായ പള്ളികളില്‍ വെച്ചുള്ള നിസ്കാരങ്ങള്‍ ഉണ്ടാകില്ലെന്ന് സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭാ അധ്യക്ഷന്‍ ശൈഖ് അബ്ദുല്‍ അസീസ് ആലുഅശൈഖ്. വിശുദ്ധ റംസാന് മാസം തൊട്ടടുത്ത് വന്നെത്തി നില്‍ക്കെ, റംസാന് രാവുകളിലെ പ്രത്യേക തറാവീഹ് നിസ്കാരം, പെരുന്നാള്‍ ദിനത്തിലെ ഈദ് നിസ്കാരം എന്നിവ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സൗദിയിലെ മുഖ്യ മുഫ്തി (മതവിധി പുറപ്പെടുവിക്കാന്‍ അധികാരമുള്ള പണ്ഡിതന്) കൂടിയായ ശൈഖ് അബ്ദുല്‍ അസീസ്.
കൊറോണാ ഭീഷണിയുടെ വ്യാപനം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ തറാവീഹ്, ഈദ് നിസ്കാരങ്ങള്‍ വിശ്വാസികള്‍ സ്വന്തം വീടുകളില്‍ വെച്ചാണ് നിര്‍വഹിക്കേണ്ടതെന്ന് സൗദി മുഖ്യമുഫ്തി നിര്‍ദേശിച്ചു. പ്രവാചകന് വീട്ടില്‍ വെച്ച് നിസ്കരിച്ചതായി സ്ഥിരപ്പെട്ട കാര്യമാണ്. മാത്രമല്ല, തറാവീഹ് നിര്‍ബന്ധ നിസ്കാരവുമല്ല. നിര്‍ബന്ധ സംഘടിത നിസ്കാരങ്ങള്‍ തന്നെ ഗുരുതരമായ പശ്ചാത്തലങ്ങളില്‍ വീടുകളില്‍ വെച്ചാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതും. പെരുന്നാള്‍ നിസ്കാരമാകട്ടെ, പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ വീടുകളില്‍ വെച്ചാണ് അനുഷ്ഠിക്കേണ്ടത്. എന്നാല്‍, പെരുന്നാള്‍ നിസ്കാരത്തിന് ഖുതുബ (പ്രസംഗം) വേണ്ടതില്ലാ.
അതേസമയം, വൃതാന്ത്യത്തിലെ ദാനകര്‍മം ആയ ഫിത്ര്‍സകാത്ത് കൊടുത്തു വീട്ടേണ്ടത്, സൂര്യോദയത്തിനു ശേഷം മുതല്‍ സ്ഥലത്ത് പെരുന്നാള്‍ നിസ്കാരം നിര്വഹിക്കപ്പെന്നതിന് വരെയുള്ള വേളയിലാണെന്നും സൗദി സുപ്രീം പണ്ഡിതസഭാ തലവന്‍ മുസ്ലിംകളെ ഉപദേശിച്ചു. ആപത്ത് വേളകളില്‍ വേണ്ടത്, ലോക സൃഷ്ട്ടാവിനോടുള്ള അധികരിച്ച പശ്ചാത്താപവും പാപ മോചനത്തിനായുള്ള തേട്ടവും സത്കര്മാനുഷ്ട്ടാനങ്ങളും ആണ്.
