കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൻ്റെ മുൻ നിരയിൽ നിന്ന ജാമിഅ സർവ്വകലാശാലയിലെ സഫൂറ സർഗർ, മീരാൻ ഹൈദർ ജെ എൻ യുവിലെ ഉമർ ഖാലിദ് എന്നീ വിദ്യാർത്ഥി നേതാക്കളെ യു എ പി എ ചുമത്തി കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് നടപടി കോവിഡ് ദുരന്ത കാലത്തും വിഭാഗീയ അജണ്ടകളിൽ നിന്ന് കേന്ദ്ര സർക്കാർ പുറകോട്ട് പോകുന്നില്ല എന്നതിന് തെളിവാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഡൽഹി വംശഹത്യയുടെ ഉത്തരവാദിത്വം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവച്ച് അതിൻ്റെ യഥാർത്ഥ ഉത്തരവാദികളെ രക്ഷിക്കാനുള്ള ശ്രമം വിലപ്പോവില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് നടന്ന പോരാട്ടം ബി ജെ പി യെ എത്രമേൽ ഭയപ്പെടുത്തി എന്നതിൻ്റെ തെളിവാണ് ഇത്തരം പ്രതികാര നടപടികൾ. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് വ്യാമോഹമാണ്. കോവിഡ് എന്ന മഹാമാരിക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. ഇത്തരമൊരു ദുരന്ത സാഹചര്യത്തിലും വിഭാഗീയ അജണ്ടകൾ പുറത്തെടുക്കുന്ന കേന്ദ്ര സർക്കാറിന് ചരിത്രം തിരിച്ചടി കൊടുക്കും. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളെ ജയിലറകൾ കാട്ടി ഇല്ലാതാക്കാമെന്ന് കരുതുന്നവർക്ക് ചരിത്ര ബോധമില്ല. മതേതര ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യപരമായ സ്വാതന്ത്ര്യവും വീണ്ടെടുക്കാനുള്ള സമരങ്ങൾ പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
