ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഒരു വശത്ത് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ റെയില്‍വേ മന്ത്രാലയം സംഭാവന നല്‍കിയിരിക്കുന്നു. ഈ പദപ്രശ്‌നമൊന്ന് പരിഹരിക്കാമോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതിവിടെ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെനിലപാട് മാറ്റി കേന്ദ്രം രംഗത്തെത്തി. ടിക്കറ്റിന്റെ 85 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ടെന്നും ബാക്കി സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള യാത്രക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതത് സംസ്ഥാന ഘടകങ്ങളോടാണ് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
