കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള പുതിയ സാഹചര്യത്തില്‍ സമഗ്രമായ പഠനത്തോടെ കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് എം എല്‍ എ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ മൂലം ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകര്‍ ആണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കൃഷിയും കൃഷി രീതികളും അവലംബിച്ചില്ലെങ്കില്‍ കര്‍ഷകര്‍ വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്.
അതിന് കര്‍ഷകര്‍ക്ക് കൃഷി പുനരാരംഭിക്കാനുള്ള മൂലധനം പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി പലിശരഹിതമായി ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
ലാഭകരമല്ലാത്ത കൃഷി ഉപേക്ഷിക്കുന്നതിനും പുതിയ കൃഷി രീതികള്‍ അവലംബിക്കുന്നതിനും കര്‍ഷകര്‍ക്ക് അത് കാര്യമായി പറഞ്ഞു മനസിലാക്കുന്നതിനും പുതിയ പശ്ചാത്തലത്തില്‍ വിശദമായ പഠനം ആവശ്യമാണ്.
ആധികാരികമായ പഠന റിപ്പോര്‍ട്ടിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഈ വിഷയത്തില്‍ അവബോധം സൂക്ഷിക്കുവാന്‍ സാധിക്കൂ. കര്‍ഷകര്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് അവര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലുണ്ടാകുന്ന പരാജയമാണ്.
അതിനു പരിഹാരമായി കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ പ്രദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആരംഭിക്കണം.
ഒരു പഞ്ചായത്തില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ വഴി മറ്റ് മേഖലകളിലേക്ക് വിതരണം ചെയ്യുവാന്‍ സംവിധാനം ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കും.
അതോടൊപ്പം റബ്ബര്‍ മേഖലയില്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള തോട്ടങ്ങള്‍ പുരയിടമായി ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മധ്യ കേരളത്തില്‍ ഭക്ഷ്യ, ധാന്യ ഉല്‍പ്പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും.
കര്‍ഷകര്‍ക്ക് തീരെ ലാഭകരമല്ലാത്ത റബ്ബര്‍ ഉള്‍പ്പെടെയുള്ള കൃഷി മാറ്റി വാഴ, മരച്ചീനി, പച്ചക്കറികള്‍, പ്ലാവ്, മല്‍സ്യ മാംസ ഉല്‍പ്പാദനം തുടങ്ങിയ ലാഭകരമായ കൃഷിരീതികള്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുവാനും ആധുനിക സാങ്കേതിക സഹായങ്ങള്‍ ഉപയോഗിച്ച് ഈ മേഖലയില്‍ സമഗ്രവും ആധികാരികവുമായ പഠന റിപ്പോര്‍ട്ട് കൊറോണയ്ക്ക് ശേഷമുള്ള കാലയളവില്‍ അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പി സി ജോര്‍ജ്ജ് എം എല്‍ എ ആവശ്യപ്പെട്ടു.
