ദല്‍ഹി; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രവാസികളില്‍ നിന്ന് വിമാനയാത്രക്ക് പണം ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. പ്രവാസികളില്‍ നിന്ന് പണമീടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മനുഷ്യത്വ രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് നാളെ ആരംഭിക്കാനിരിക്കെ അവരില്‍ നിന്ന് പണം ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിമാന നിരക്ക് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫിലുള്ളവരെല്ലാം ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. ഈ സമയത്ത് യാത്രക്ക് പണം ആവശ്യപ്പെടുന്നതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.
