ന്യൂഡല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ ഡല്‍ഹി വനിതാ കമീഷന്. സഫൂറയെ അപമാനിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കമീഷന് അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസ് കമീഷണറെ സമീപിച്ചിട്ടുള്ളത്. സഫൂറക്കെതിരെ അപവാദ പ്രചരണം നടത്തിയവരുടെ പേരുവിവരങ്ങള്‍, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍, സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതിന് പൊലീസ് സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് കമീഷണര്‍ക്ക് നല്കിയ കത്തില്‍ അധ്യക്ഷ ആവശ്യപ്പെടുന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ജാഫറബാദ് സ്റ്റേഷനില്‍ ഗതാഗത തടസ്സം ഉണ്ടാക്കി എന്നാരോപിച്ചുകൊണ്ടാണ് യു.എ.പി.എ ചുമത്തി ഏപ്രില്‍ 13ന് സഫൂറയെ ജയിലലിടച്ചത്. ഇതിനുശേഷം
സഫൂറയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതായും കമീഷന് അധ്യക്ഷ അറിയിച്ചു. മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുവരെ അധിക്ഷേപകരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. സഫൂറയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ്.
സഫൂറക്കെതിരായ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അതിന്റെ പേരില്‍ ജയിലിടക്കപ്പെട്ട സ്ത്രീയുടെ അന്തസ്സിനെയും ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.
