തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധനടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനത്ത് രോഗത്തിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം അടുത്ത ഘട്ടത്തില്‍ സമ്ബര്‍ക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍, റിവേഴ്സ് ക്വാറന്റീന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. കൂടി വരുന്ന കൊവിഡ് കേസുകള്‍ അതിന്‍റെ സൂചനയാണ് നല്‍കുന്നത്. നേരത്തെ കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ കൊവിഡ് പൊസീറ്റീവ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു.
അടുത്ത ഘട്ടം സമ്ബര്‍ക്കം വഴിയുള്ള വ്യാപനമാണ്. എന്നാല്‍ ഇതുവരെ സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാല്‍ തന്നെ ഭയപ്പെടേണ്ടത് സമ്ബര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റു അസുഖങ്ങളുള്ളവര്‍ എന്നിവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധയ്ക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്.
ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലുള്ള 5630 സാംപിളുകള്‍ ശേഖരിച്ചു പരിശേോധിച്ചു. ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനര്‍ത്ഥം കൊവിഡിന്‍റെ സാമൂഹികവ്യാപനം കേരളത്തിലുണ്ടായിട്ടില്ല എന്നതാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റീന്‍ കൃതൃമായി പാലിക്കുന്നതിലും കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.
