വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണം

പത്തനംതിട്ട: വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണമെന്നും അങ്ങനെ നടപ്പാക്കുന്ന പദ്ധതികള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമാണോയെന്ന് നോക്കണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വലിയ കെട്ടിടം നിര്‍മിക്കുന്നതും റോഡ് ടാര്‍ ചെയ്യുന്നതുമായ പദ്ധതികളേക്കാള്‍ നാടിന് ആവശ്യം കുടിവെള്ളം, വൈദ്യുതി, വീട്, കക്കൂസ് എന്നിവ ആവശ്യക്കാരന് ലഭിക്കുന്ന പദ്ധതികളാണ്. പരിസ്ഥിതിയെ അവഗണിക്കാതെ വികസനം നടപ്പാക്കണം. പദ്ധതികള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാകുമ്പോള്‍ നാട്ടിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി വേണം തിരഞ്ഞെടുക്കാനെന്ന ഗാന്ധിജിയുടെ ഉപദേശം ജനപ്രതിനിധികള്‍ സ്വീകരിക്കണം. ഗ്രാമ പഞ്ചായത്തുകളാണ് വികസനത്തിന്റെ അടിസ്ഥാനം. ഒന്നാംതലത്തിലെ സര്‍ക്കാരായ ഗ്രാമ പഞ്ചായത്തുകള്‍ക്ക് പദ്ധതി നടത്തിപ്പില്‍ പാളിച്ച സംഭവിച്ചാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ എന്തുതീരുമാനിച്ചാലും നാടിന് പുരോഗതിയുണ്ടാവില്ല. അതുപോലെ തന്നെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പ്രാധാന്യമുണ്ടെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, വീണാ ജോര്‍ജ് എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു പ്രദേശത്തെ ജനങ്ങള്‍ തീരുമാനിക്കുന്ന വികസനമാണ് ഇന്ന് നാട്ടിലുണ്ടാകുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പദ്ധതി വിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതിന് കൃത്യമായ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണം നാട് നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അടിഞ്ഞൂകൂടുന്ന മാലിന്യത്തിന്റെ സ്വഭാവം ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. ഇത് മുന്നില്‍ക്കണ്ട് അനുയോജ്യമായ പദ്ധതി രൂപീകരിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി അനിത, എലിസബത്ത് അബു, ലീലാ മോഹന്‍, അഡ്വ. റെജി തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *