ന്യൂഡെല്‍ഹി: ( 08.03.2021) രാജ്യാന്തര വനിതാ ദിനത്തില്‍ സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ‘ആത്മനിര്‍ഭര്‍’ ആക്കുന്നതില്‍ സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു നാം പ്രതിജ്ഞാബദ്ധരാകണമെന്നും മോദി ട്വീറ്റ് ചെയ്തു.
വനിതാ ദിനത്തില്‍ താന്‍ വാങ്ങിയ ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചു. ചിരട്ടകൊണ്ട് നിര്‍മിച്ച നിലവിളക്കാണ് കേരളത്തില്‍നിന്നു വാങ്ങിയത്. കേരളത്തിലെ സ്ത്രീകള്‍ ചിരട്ട കൊണ്ട് നിര്‍മിച്ച നിലവിളക്ക് ഏറ്റുവാങ്ങാനായി കാത്തിരിക്കുന്നുവെന്നും പ്രാദേശിക കരകൗശല വിദ്യകളെയും ഉല്‍പന്നങ്ങളെയും നമ്മുടെ സ്ത്രീശക്തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശല തൊഴിലാളികള്‍ നിര്‍മിച്ച എംബ്രോയിഡറി ഷാള്‍, കരകൗശല ഗോണ്ട് പേപ്പര്‍ പെയിന്റിങ്, ഖാദി കോട്ടണ്‍ മധുബാനി പെയിന്റഡ് ഷോള്‍, ബംഗാളില്‍ നിന്നുള്ള ജ്യൂട്ട് ഫയല്‍ ഫോള്‍ഡര്‍, നാഗ ഷാള്‍ തുടങ്ങിയവയും പ്രധാനമന്ത്രി വാങ്ങിയിട്ടുണ്ട്.

