തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന വാക്പോര് നാടകമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എവിടെവരെയായി എന്നും എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയെന്നും ചെന്നിത്തല ചോദിച്ചു.
അന്വേഷണം നിര്‍ത്തിവയ്ക്കാനുള്ള കാരണം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രിയ കൂട്ടുകെട്ടാണ്. എല്ലാവര്ക്കും അറിയാവുന്ന കാര്യം മാത്രമാണ് ബിജെപിയും സിപിഎമ്മും പരസ്പരം പറയുന്നത്. അമിത് ഷാ സൂചിപ്പിച്ച ദുരൂഹമരണത്തെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കണം. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അത്തരമൊരു വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തെ ജനങ്ങളോട് തുറന്ന് പറയണം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുരൂഹ മരണമുണ്ടെന്നാരോപിച്ചാണ് ശംഖുമുഖത്തെ പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായാല്‍ മറുപടി അമിത് ഷാ പറയണമെന്നും ചെന്നിത്തല പറഞ്ഞു. അമിത്ഷാ മാലാഖ ചമയേണ്ട. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപം അമിത്ഷായുടെ കൈകളില്‍ കൂടിയാണ് നടന്നത്. മുസ്ലീം സമുദായത്തെ വേട്ടയാടാന്‍ എന്നും മുന്നില്‍ നിന്നയാളാണ് അമിത് ഷാ. അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം വിലപ്പോവില്ല.
മുഖ്യമന്ത്രിയും അമിത് ഷായും പരസ്പരം അറിഞ്ഞു കൊണ്ട് നടത്തുന്ന നാടകമാണ് എല്ലാം. കേരളത്തില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിലെ ജനത ഇത് തള്ളിക്കളയും. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല. അമിത് ഷാ ഇന്ത്യയില്‍ എവിടെ പ്രസംഗിച്ചാലും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരക്ഷരം പോലും അമിത് ഷാ പറഞ്ഞിട്ടില്ല. ഇതുതന്നെ പിണറായിയും അമിത് ഷായും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ്.പിണറായിക്ക് അമിത് ഷായുമായി എന്താണ് ബന്ധം ?. എന്താണ് കൂട്ടുകെട്ട് ?. ഇത് മറനീക്കി പുറത്തുവരികയാണ്. പിണറായിക്കും സ്പീക്കര്ക്കുമെതിരെയുണ്ടായ മൊഴിയെ അടിസ്ഥാനമാക്കി എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. ഇതിന് അമിത് ഷാ മറുപടി നല്‍കണം. കേരളത്തില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കസ്റ്റംസിന് കൊടുത്ത മൊഴിയിലൂടെ വ്യക്തമാകുന്നു. എന്നിട്ടും എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന് അമിത് ഷാ മറുപടി നല്‍കണം.
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത് അമിത് ഷായും പിണറായിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. 26 തവണയാണ് ലാവ്ലിന് കേസ് മാറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലാവ്ലിന് കേസ് വീണ്ടും മാറ്റിവച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിനെയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും. എത്ര ഒത്തുകളിച്ചാലും കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
