പ്രകടന പത്രിക മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പിണറായി

കോട്ടയം : പ്രകടന പത്രിക മുന്‍ നിര്‍ത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒന്നിലും അലംഭാവം പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും കോണ്‍ഗ്രസും നുണക്കഥകള്‍ ഉണ്ടാക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. നിരവധി പ്രതിസന്ധികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നു. ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെയ്തു. വസ്തുതകള്‍ അവതരിപ്പിക്കേണ്ട മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തു. പിഎസ്‌സി വിഷയം അതിന് ഉദാഹരണമാണ്. 95196 പിഎസ്‌സി നിയമനമേ നല്‍കിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകള്‍ വലിയ തോതില്‍ ആവര്‍ത്തിച്ചു. യുഡിഎഫിന്റെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങള്‍ മാറുന്നുവെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷത്തിന് വസ്തുതകളുടെ പിന്‍ബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങള്‍ പോലെ അതൊക്കെ തകര്‍ന്ന് വീണു. കേന്ദ്ര ഏജന്‍സികളെപ്പോലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കൂട്ട് പിടിക്കുന്നു. ദിനം പ്രതിയെന്നോണം ഇന്ധന വില വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വില കൂട്ടുന്നത് നിര്‍ത്തി വച്ചോയെന്ന് സംശയമുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *