കൊച്ചി-കോവിഡ് രോഗത്തിന്റെ രണ്ടാം തരംഗം ഭീതിപടര്‍ത്തി പടരുമ്പോഴും കേരളത്തില്‍ മാസ്‌ക് ധരിക്കാതെ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് കുറവില്ല.ഇരട്ട മാസ്‌ക് നിര്‍ബന്ധമാണെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഒരു മാസ്‌ക് പോലും ധരിക്കാതെ ഒട്ടേറെ പേര്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ലോക്ഡൗണിന്റെ ആദ്യദിവസം ഇത്തരത്തിലുള്ള മുവ്വായിരത്തിലേറെ പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കോവിഡിനെ തടയുന്നതില്‍ പ്രധാനപ്പെട്ട പ്രതിരോധങ്ങളില്‍ ഒന്നാണ് മാസ്‌ക്.രോഗാണുക്കള്‍ ശരീരത്തില്‍ കയറുന്നത് തടയാന്‍ ഇത് ഉപകരിക്കുന്നു.ഈ യാഥാര്‍ഥ്യം മനസിലാക്കാതെയാണ് പലരും മാസ്‌ക് ഇടാതെ പുറത്തിറങ്ങുന്നത്.കൊറോണ വൈറസിന്റെ നിശബ്്ദ വാഹകരാണ് ഇവരെങ്കില്‍ മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇത്തരക്കാര്‍ പ്രധാന കാരണമാകും.രോഗമുള്ള മറ്റുള്ളവരുടെ അടുത്തെത്തുന്ന ഇവര്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് സാമൂഹിക ഉത്തരവാദിത്വമില്ലാത്ത ഈ മണ്ടന്‍മാര്‍ മനസിലാക്കുന്നില്ല.
