താമരശ്ശേരി: മതിലിടിഞ്ഞു വീണു മണ്ണിനടിയില്‍പെട്ട വീട്ടമ്മ ഭക്ഷണം പാകംചെയ്യവെയാണ് ദുരന്തത്തില്‍പെട്ടത്. അടിവാരം പൊട്ടിക്കയ്യില്‍ കൊച്ചുപറമ്ബില്‍ വീട്ടില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ (72)യുടെ ദാരുണ മരണം അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. വീടുപണി നടക്കുന്നതിനാല്‍ അടുക്കള ഭാഗത്ത് താല്‍ക്കാലികമായി കെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിലേക്ക് മതിലിടിഞ്ഞുവീഴുകയായിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അപകടം. അപകടത്തില്കഴുത്തറ്റം മണ്ണില്‍ മൂടിയ ഇവരെ അയല്‍വാസികളും മകനും ചേര്‍ന്ന് സാഹസപ്പെട്ട് മണ്ണ് നീക്കം ചെയ്തു പുറത്തെടുക്കുകയായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുമ്ബോള്‍ കമകമ്മയുടെ സമീപത്തുണ്ടായിരുന്ന ചെറുമകന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് സബ് കലക്ടര്‍ ചെല്‍സ സിനി, താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ സി. സുബൈര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
