ഹിജാബ് നിരോധനം; കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍.

ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി.

ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച്‌ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷ ബഹിഷ്കരിച്ചത്.

വെള്ളിയാഴ്ചയാണ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങിയത്. മെയ് 18ന് പരീക്ഷ അവസാനിക്കും. ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ആദ്യദിനം പരീക്ഷയുണ്ടായിരുന്ന 2,38,764 പേരില്‍ 11,311 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ല. 1076 കേന്ദ്രങ്ങളിലായി 6,84,255 വിദ്യാര്‍ഥികളാണ് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പി.യു പരീക്ഷ എഴുതുന്നത്. ഇതില്‍ 3,37,319 പെണ്‍കുട്ടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *