കൊച്ചി: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്ലീം ലീഗാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ട് നടക്കുന്നത്. യഥാത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്ലീം ലീഗാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതും ലീഗാണ്. ലീഗിന്റെ ഈ സമീപനമാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ മുസ്ലീം ലീഗ് എസ്ഡിപിഐ പോലുള്ല മറ്റ് മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്’- കോടിയേരി പറഞ്ഞു.
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന കാര്യത്തിലും കോടിയേരി പ്രതികരിച്ചു. കഴിഞ്ഞ ദിവസവും ജില്ലാ കമ്മിറ്റി യോഗത്തില്‍ ജെയിംസ് മാത്യുവിനെ കണ്ടെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി നല്‍കിയെന്നും കോടിയേരി പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ തുടരാമെന്ന് ജെയിംസ് മാത്യൂ അറിയിച്ചതായും അതില്‍ അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
