ന്യൂഡല്‍ഹി: ജനപ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ജനപ്രതിനിധികള്‍ക്ക് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
ഇനി മുതല്‍ മറ്റ് പദവികള്‍ വഹിക്കുന്ന മുന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് എംപി പെന്‍ഷന്‍ ലഭിക്കില്ല. സംയുക്ത പാര്‍ലമെന്‍റ് സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാര്‍ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാര്‍ലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാര്‍ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിയമസഭ പെന്‍ഷനും എംപി പെന്‍ഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
എംപിമാരുടെ പെന്‍ഷന്‍ നിശ്ചയിക്കാനുള്ള പാര്‍ലമെന്‍റ് സംയുക്ത സമിതിയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികള്‍ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്ബോള്‍ മുന്‍ എംപിമാര്‍ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും പുതിയ നിയമം ബാധകമാകും.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിമാരായിരിക്കുന്ന മുന്‍ എംപിമാര്‍ക്ക് വരെ പെന്‍ഷന്‍ കിട്ടുന്നുണ്ട്. എംഎല്‍എ, എംപി പെന്‍ഷനുകള്‍ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിര്‍ദ്ദേശം തടയിടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവര്‍ക്കും ഇനി ഒരു പെന്‍ഷനേ അര്‍ഹതയുണ്ടാവൂ. നിലവില്‍ ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വര്‍ഷവും 2,000 രൂപ വീതവുമാണ് പെന്‍ഷന്‍ ലഭിക്കുക.
പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ എംഎല്‍എമാര്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. രാഷ്ട്രീയ നേട്ടമായി എഎപി ഇത് ഉയര്‍ത്തിക്കാട്ടുമ്ബോഴാണ് കേന്ദ്രവും ഈ വഴിക്ക് നീങ്ങുന്നത്.
