പി സി ജോര്‍ജ് പൊലീസിനു കത്ത് നല്‍കി; ഇനി എപ്പോള്‍ വേണേലും ഹാജരാകാം

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പി സി ജോര്‍ജ് പൊലീസിന് കത്തയച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്ത് അയച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാന്‍ വൈകിയതെന്ന് പി സി ജോര്‍ജ് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്നും പൊലീസിന് നല്‍കി കത്തില്‍ പി സി ജോര്‍ജ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോര്‍ജിന് കത്ത് നല്‍കിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.

പി.സി.ജോര്‍ജിന്റെ കത്തിന്റെ പൂര്‍ണരൂപം

To,

ഷാജി എസ്.
പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍
ഫോര്‍ട്ട് സബ് ഡിവിഷന്‍

സൂചന : 28/05/2022 ല്‍ താങ്കള്‍ക്ക് നല്‍കിയ കത്ത്

ബഹുമാനപ്പെട്ട ഓഫീസര്‍,

ഞാന്‍ തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തില്‍ ആയതിനാലും, അതോടൊപ്പം തന്നെ എന്റെ നിലവിലെ ആരോഗ്യവസ്ഥയില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്ന് തെളിവെടുപ്പിനായി ഹാജരാകാതിരുന്നത്.ഈ വിവരങ്ങള്‍ മേല്‍ സൂചന കത്ത് പ്രകാരം താങ്കളെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിച്ച സാഹചര്യത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം തെളിവെടുപ്പ് ആവശ്യത്തിലേക്കായി താങ്കള്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് ഞാന്‍ ഹാജരാകുമെന്ന് അറിയിക്കുന്നു.ഞാന്‍ ഇപ്പോള്‍ ഈരാറ്റുപേട്ടയിലെ എന്റെ വസതിയിലാണുള്ളത്, ഹാജരാകാനുള്ള തിയതിയും സമയവും മുന്‍കൂട്ടി രേഖമൂലം അറിയിച്ചാല്‍ ഉപകാരമായിരുന്നു എന്ന് അറിയിക്കുന്നു..

പി.സി. ജോര്‍ജ്
ചെയര്‍മാന്‍
കേരള ജനപക്ഷം (സെക്യൂലര്‍)
പ്ലാത്തോട്ടത്തില്‍ ഹൗസ്
അരുവിത്തുറ പി.ഒ
ഈരാറ്റുപേട്ട

Leave a Reply

Your email address will not be published. Required fields are marked *