‘ഭാര്യ മൂന്ന് നേരവും മാഗിയുണ്ടാക്കുന്നു, കഴിച്ച് മടുത്തു’; വിവാഹമോചനം നേടി യുവാവ്

മൈസൂരു: മൂന്ന് നേരവും ഭാര്യ മാഗി നൂഡില്‍സ് തയ്യാറാക്കുന്നതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൈസൂരു സ്വദേശിയായ യുവാവാണ് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബല്ലാരിയില്‍ ജില്ലാ ജഡ്ജിയായിരിക്കെയാണ് മാഗിയുടെ പേരില്‍ ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം താന്‍ കൈകാര്യം ചെയ്തതെന്ന് രഘുനാഥ് വെള്ളിയാഴ്ച പറഞ്ഞു. ‘മാഗി നൂഡില്‍സ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യക്ക് അറിയില്ലെന്നായിരുന്നു എന്നായിരുന്നു യുവാവിന്റെ പരാതി. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഭാര്യ നൂഡില്‍സ് മാത്രമാണ് തയ്യാറാക്കിയിരുന്നത്. കടയില്‍ നിന്നും ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാത്രം വാങ്ങിയിരുന്ന ഭാര്യയ്ക്ക് മറ്റൊന്നും വാങ്ങാനും പാചകം ചെയ്യാനും അറിയില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ‘മാഗി കേസ്’ എന്ന് പേരിട്ട ഈ വിവാഹമോചന ഹര്‍ജിയില്‍ ഭാര്യയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതരായത്’ എന്നും രഘുനാഥ് വ്യക്തമാക്കി.
മാട്രിമോണിയല്‍ കേസുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജഡ്ജി എം എല്‍ രഘുനാഥ് ഇക്കാര്യം പറഞ്ഞത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്നത് പതിവാണ്. വൈവാഹിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികളുടെ ഭാവി പരിഗണിച്ചാണ് പല ദമ്പതികളും ഒത്തുചേരലുകള്‍ക്ക് തയ്യാറാകുന്നത്. വിട്ടുവീഴ്ചകള്‍ നടത്തി ദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശം നല്‍കുകയും നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങളാണ് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിയുന്തോറും വിവാഹമോചന കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. വിവാഹമോചനം നേടുന്നതിന് മുന്‍പ് ദമ്പതികള്‍ ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന നിയമം രാജ്യത്ത് ഇല്ലായിരുന്നുവെങ്കില്‍ കല്യാണമണ്ഡപങ്ങളില്‍ നിന്ന് നേരിട്ട് വിവാഹമോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന സാഹചര്യം പോലുമുണ്ടാകുമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം പോലും പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസാരിക്കാന്‍ മടി, പ്ലേറ്റില്‍ തെറ്റായ ഭാഗത്ത് ഉപ്പ് ഇട്ടതിന് തെറ്റായ നിറത്തിലുള്ള വിവാഹ സ്യൂട്ട് ധരിച്ചതിന്, ഭാര്യയെ പുറത്ത് കൊണ്ടുപോകാത്തതിന് എന്നിങ്ങനെയുള്ള കാരണങ്ങളില്‍ പോലും വിവാഹമോചനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ടെന്ന് ജഡ്ജി എം എല്‍ രഘുനാഥ് പറഞ്ഞു.
അറേഞ്ച്ഡ് വിവാഹങ്ങളിലും പ്രണയ വിവാഹങ്ങളിലും വിവാഹമോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത് മനഃപൂര്‍വം പാമ്പ് കടിക്കുന്നത് പോലെയാണെന്നും രണ്ടാമത്തേത് മനപ്പൂര്‍വ്വം പാമ്പിനെ കടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. മൈസൂരു ജില്ലയിലുള്ള അഞ്ച് കുടുംബ കോടതികളില്‍ ഓരോന്നിലും 500 ഓളം മാട്രിമോണിയല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ 800 ഓളം കേസുകള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്നും ജഡ്ജി എം എല്‍ രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *