ഭര്‍ത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടാപ്പൂരില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. എന്നാല്‍ മറ്റൊരു സ്ത്രീയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രി എന്ന സ്ത്രീ ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ നാല് യുവാക്കളെ വാടകയ്ക്കെടുക്കുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇവര്‍ ഇരയെ പീഡിപ്പിച്ചത്.

ഗായത്രിയും ഭര്‍ത്താവും പീഡനത്തിനിരയായ പെണ്‍കുട്ടിയും കൊണ്ടാപ്പൂരില്‍ ഒരേ കോളനിയിലാണ് താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗായത്രിയുടെ ഭര്‍ത്താവും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഹൃത്തുക്കളായി.

ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഗായത്രിയ്ക്ക് ഇടയ്ക്കിടെ അസുഖങ്ങള്‍ ഉണ്ടാകുമായിരുന്നു. ഈ സാഹചര്യത്തില്‍ ഗായത്രിയ്ക്ക് സഹായത്തിനായി പെണ്‍കുട്ടിയെ ശ്രീകാന്ത് കൊണ്ടാപൂരിലെ വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച്‌, ഇരയായ പെണ്‍കുട്ടി 2022 ഫെബ്രുവരി വരെ ഗായത്രിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ ഭര്‍ത്താവ് ശ്രീകാന്തിന്റെയും ഇരയുടെയും പെരുമാറ്റത്തില്‍ ഗായത്രിയ്ക്ക് ചില സംശയങ്ങള്‍ തോന്നി തുടങ്ങി. ഇക്കാരണത്താല്‍ ഏപ്രില്‍ 24ന് ഗച്ചിബൗളി പൊലീസ് സ്റ്റേഷനില്‍ ഇരയ്ക്കെതിരെ പരാതിയും നല്‍കി.

അടുത്തിടെ കേസ് പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഇരയെയും കുടുംബാംഗങ്ങളെയും ഗായത്രി വീട്ടിലേക്ക് ക്ഷണിച്ചു. കുറച്ചു നേരം അവരുമായി ചര്‍ച്ച നടത്തിയ ശേഷം, മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയില്‍ ഗായത്രി ഇരയെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച്‌ വാടകയ്‌ക്കെടുത്ത നാല് യുവാക്കള്‍ ചേര്‍ന്ന് ഇരയെ ആക്രമിക്കുകയായിരുന്നു. ഒരു തുണികൊണ്ട് ഇരയുടെ വായ പൊത്തിയ ശേഷം അവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം ഗായത്രി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്നും ഗായത്രി ഇരയെ ഭീഷണിപ്പെടുത്തിയിരുന്നു.

സാരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഗായത്രിയും നാല് യുവാക്കളും ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ ലൈംഗിക അതിക്രമം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം നടത്ത വാര്‍ത്ത പുറത്തു വന്നിരുന്നു. പീഡനം തടയാനുള്ള ശ്രമത്തിനിടെ മുപ്പതുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ സതേന്ദ്ര എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് മക്കള്‍ക്കൊപ്പമാണ് യുവതി കഴിഞ്ഞുവന്നിരുന്നത്. അക്രമം നടന്ന ദിവസം രാത്രിയോടെ പ്രതി സതേന്ദ്ര ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ യുവതി എതിര്‍ത്തതോടെ ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചു. അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബഹളം വച്ചതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *