രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ പ്രാര്‍ഥനകളോടെ പുണ്യഭൂമിയിലേക്ക്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16 വരെയാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച്‌ കൊച്ചിയില്‍നിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതില്‍ 5393 പേര്‍ കേരളത്തില്‍നിന്നാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആന്‍ഡമാന്‍, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ നിന്നുള്ളവരും നെടുമ്ബാശ്ശേരിയില്‍നിന്നാണ് യാത്രയാകുന്നത്.

നെടുമ്ബാശ്ശേരിയില്‍നിന്നു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 20 വിമാനങ്ങളാണ്. സൗദി എയര്‍ലൈന്‍സിനാണ് ഇവിടെനിന്നുള്ള ഹജ്ജ് സര്‍വീസിന് അനുമതി ലഭിച്ചത്. 377 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ തീര്‍ഥാടകര്‍ ഉള്ളത് മലപ്പുറത്ത് നിന്നാണ്. ഈ വര്‍ഷത്തെ ആദ്യ വിമാനം പുറപ്പെടുമ്ബോള്‍ പലര്‍ക്കും വര്‍ഷങ്ങളായി താലോലിച്ച ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിസന്ധിയിലായ 2020ലും 2021ലും നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് നടന്നത്.

കൊച്ചിയില്‍നിന്ന് മദീന വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ പ്രവാചക നഗരിയിലെ സന്ദര്‍ശനത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കര്‍മത്തിനുശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നായിരിക്കും നെടുമ്ബാശ്ശേരിയിലേക്കുള്ള മടക്കയാത്ര.

Leave a Reply

Your email address will not be published. Required fields are marked *