ഗോവധം ആരോപിച്ച്‌ യുവാവിനെതിരെ ക്രൂരപീഡനം: 5 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍

ലഖ്നൌ: ഗോവധം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി പൊലീസ്.

ഉത്തര്‍പ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരനായ മുസ്ലിം യുവാവായിരുന്നു ക്രൂരപീഡനത്തിന് ഇരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ എസ് സത്യപാലിന്റെ നേതൃത്വത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ക്രൂരമായ പീഡനമായിരുന്നു യുവാവിന് നേരെ ഉണ്ടായത്. ഒരു പോലീസ് ഔട്ട്‌പോസ്റ്റ് ഇന്‍ചാര്‍ജ്, നാല് കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് ‘അജ്ഞാതരായ’ വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്ന് മകന്റെ മലദ്വാരത്തിലേക്ക് വടി കുത്തിയിറക്കി ഷോക്കടിപ്പിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ അമ്മ ആരോപിച്ചത്. ഒടുവില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം 100 രൂപ നല്‍കി വിട്ടയക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്.

പോലീസ് യുവാവിന്റെ മെഡിക്കല്‍-ലീഗല്‍ റിപ്പോര്‍ട്ട് പരിഗണിക്കുകയും പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയും ചെയ്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്‌എസ്പി) ഒപി സിംഗ് ഡാറ്റാഗഞ്ച് സര്‍ക്കിള്‍ ഓഫീസറായ പ്രേം കുമാര്‍ ഥാപ്പയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 342 (തെറ്റായ തടവ്), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍) എന്നിവയ്‌ക്കൊപ്പം മറ്റ് പ്രധാന വകുപ്പുകളും ചേര്‍ത്താണ് പൊലീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. അന്യായമായി തടങ്കലിലാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ഞങ്ങള്‍ അവര്‍ക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പോലീസ് സൂപ്രണ്ട് (എസ്പി) (സിറ്റി) പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഞങ്ങള്‍ കുടുംബത്തോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *