കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതിഭാഗം സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.പരമാവതി തെളിവുകള്‍ നിരത്തി ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന് തീരുമാനിച്ചിട്ടുള്ളത്.
നടി പരാതി നല്‍കിയതോടെ ഒരു മാസത്തിലധികം ഒളിവില്‍ കഴിയുകയായിരുന്ന നടന് വിജയ് ബാബു ഈ മാസം ഒന്നാം തിയതിയാണ് കൊച്ചിയില്‍ എത്തിയത്. അഞ്ച് തവണയായി മണിക്കുറുകളോളമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇത് കൂടാതെ കേസില്‍ നടന് സൈജു കുറിപ്പ് ഉള്‍പ്പെടെ 32 പേരുടെ മൊഴിയെടുക്കുകയും ചെയ്തു. പരാതി ശരിവെക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.
സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് നടി ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങള്‍ അവിടെ വച്ചാണ് അറിഞ്ഞതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ വിജയ് ബാബുവിന്റ അറസ്റ്റ് രേഖപ്പെടുത്തും.
