അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു

കൊല്ലം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പത്തനാപുരത്ത്‌ അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകള്‍ക്കെതിരേ കേസ്‌. പത്തനാപുരം പാലപ്പള്ളില്‍ വീട്ടില്‍ വയോധികയായ ലീലാമ്മയെയാണ്‌ മകള്‍ ലീന മര്‍ദിച്ചത്‌. പ്രശ്‌നത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത്‌ അംഗത്തിനും മര്‍ദനമേറ്റു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ടു അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
വീടിനു പുറത്തു കടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക്‌ വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ മുറുകെ പിടിച്ചുനില്‍ക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ ഇടപെട്ടെങ്കിലും അവരെ ലീന അസഭ്യം പറഞ്ഞു. പിന്നീട്‌ ഗ്രാമപഞ്ചായത്ത്‌ നടുക്കുന്നം വാര്‍ഡ്‌ അംഗം ആര്‍ഷ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ ലീന അവരെയും മര്‍ദിച്ചെന്നണ്‌ ആരോപണം. പരുക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവത്തില്‍ പത്തനാപുരം പോലീസ്‌ കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്‌. മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയോടു മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *