തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിരിയാണി പാത്രം കൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
”ഓരോ ദിവസം കഴിയുംതോറും വസ്തുതകള്‍ കൂടുതല്‍ പുറത്തുവരികയാണ്. എല്ലാ അഴിമതി കറകളും കഴുകി കളയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. സ്വര്‍ണക്കള്ളക്കടത്തില്‍ ഇനിയും വസ്തുതകള്‍ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടും. സത്യത്തെ മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. വസ്തുത ഇല്ലാതെ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല. പുതിയ മൊഴി അതീവ ഗൗരവതരം. അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടു മാത്രം മുഖ്യമന്ത്രി ചെയ്ത കുറ്റം, കുറ്റമാകാതിരിക്കുന്നില്ല. ഇതിനുമുന്‍പും ഇതുപോലുള്ള ആളുകളുടെ മൊഴികള്‍ വിശ്വാസത്തിലെടുത്താണ് യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷം പ്രക്ഷോഭം നടത്തിയത്.” രമേശ് ചെന്നിത്തല പറഞ്ഞു.
