പാരിസ്: സ്ത്രീ ഉള്‍പ്പെടെയുള്ള 12 പേരുടെ വധശിക്ഷ ഒരു ദിവസം നടപ്പാക്കി ഇറാന്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 11 പുരുഷന്മാരെയും ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീയെയുമാണ് തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധേയരാവരെല്ലാം ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ്.
അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്റ്റാന്‍ ബലൂചെസ്ഥാന്‍ പ്രവിശ്യയിലെ സഹെദാന്‍ എന്ന ജയിലില്‍ തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് നോര്‍വെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ചൊവ്വാഴ്ച അറിയിച്ചു. സംഭവത്തില്‍ പ്രതികരിക്കാന്‍ ഇറാന് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
12 പേരില്‍ ആറ് പേര് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലും ആറ് പേര്‍ക്ക് കൊലപാതക കേസിലുമാണ് വധശിക്ഷയ്ക്ക് വിധേയമായത്. 2019ല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൂക്കിലേറ്റപ്പെട്ട സ്ത്രീ. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ ഗാര്‍ഗിജ് എന്ന കുടുംബപ്പേരിലാണ് അറിയപ്പെടുന്നത്.
വധശിക്ഷയ്ക്ക് വിധേയരായവരെ കോടതിയില്‍ ഹാജരാക്കിയിരുന്നോ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ഐഎച്ച്ആര്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വധശിക്ഷകള്‍ക്ക് വിധേയമാകുന്നുവെന്ന ആരോപണം ശക്തമാണ്. വടക്കുപടിഞ്ഞാറന്‍ കുര്‍ദുകള്‍, തെക്കുപടിഞ്ഞാറ് അറബികള്‍, തെക്കുകിഴക്ക് ബലൂച്ച് വിഭാഗം എന്നിവര്‍ക്കെതിരെ വ്യാപകമായ ശിക്ഷകള്‍ ഉണ്ടാകുന്നുണ്ടെന്ന് വിവിധ മനുഷ്യവകാശ ഏജന്‍സികള്‍ ആരോപിക്കുന്നുണ്ട്.
2021ല്‍ ഇറാനില്‍ നടന്ന വധശിക്ഷകളില്‍ 21 ശതമാനം ബലൂച് തടവുകാരാണ് ഇരയായതെന്ന് ഇറാനിലെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021ല്‍ ഇറാനില്‍ വധശിക്ഷകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. 2021ല്‍ ഇറാനില്‍ 333 പേരെയെങ്കിലും വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
