മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ഇല്ല; നാല് വയസുകാരിയുടെ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

ഭോപ്പാല്‍: മൃതദേഹം കൊണ്ടു പോകാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നാല് വയസുകാരിയുടെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് കൊണ്ടു പോയി.

കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു ദാമോയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ കുട്ടി അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ലക്ഷ്മണ്‍ അഹിര്‍വാര്‍ ആരോപിച്ചു.

സ്വകാര്യ വാഹനം ഒരുക്കുന്നതിന് പണമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞ് ബക്‌സ്വാഹയിലേക്കുള്ള ബസില്‍ കയറേണ്ടി വന്നു. ബക്സ്വാഹയിലെത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം നല്‍കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ജില്ല ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ മംമ്ത തിമോരി പിതാവിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. വാഹനമാവശ്യപ്പെട്ട് ആരും ഞങ്ങളെ സമീപിച്ചില്ല. ഞങ്ങള്‍ക്ക് ആംബുലന്‍സ് ഉണ്ട്. റെഡ് ക്രോസില്‍ നിന്നോ മറ്റേതെങ്കിലും എന്‍.ജി.ഒയില്‍ നിന്നോ വാഹനം ക്രമീകരിക്കാവുന്നതേയുള്ളുവെന്നും തിമോരി പറഞ്ഞു. ചികിത്സക്കായി ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ മരിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *