തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം ആദ്യം വിട്ടു കൊടുത്ത് വീണ്ടും തിരിച്ചു വാങ്ങി പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഭവം ഇന്ന് രാവിലെയാണ് ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വജേശി പട്ടിശേരി വളപ്പില്‍ യൂസഫിന്റെ (46) മൃതദേഹമാണ് വിട്ടു കൊടുത്തത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി, വീട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്. ബന്ധുക്കളില്‍ ചിലര്‍ ഇതില്‍ പ്രതിഷേധിച്ചു.
