കലാപാഹ്വാനം; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പോലീസ്

പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്‌ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്.

കലാപ ആഹ്വാനശ്രമം,വ്യാജരേഖ ചമയ്‌ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തത്. പുതിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.

സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു, സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച്‌ ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് പരാതി നല്‍കിയത്. മുന്‍ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്നയ്‌ക്ക് എതിരെ കലാപ ആഹ്വാനത്തിന് പരാതി നല്‍കിയിരുന്നു

അതേസമയം, കെ ടി ജലീലിന്റെ പരാതിയില്‍ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *