കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി.
നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു.
ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹരജി. ജഡ്ജിയ്‌ക്കെതിരെയും ഹരജിയില്‍ ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹരജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്.
