‘രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസ്’; മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് പറയാനാവില്ല. കേന്ദ്ര ഏജന്‍സികള്‍ രണ്ട് വര്‍ഷക്കാലം നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്ബും ഇല്ല തെളിവും ഇല്ല. ഉണ്ടെങ്കില്‍ ഇവരെയൊക്കെ അറസ്റ്റ് ചെയ്യണമല്ലോ. അങ്ങനെയൊരു കാര്യം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീണ്ടും പറഞ്ഞു നടക്കുന്നതില്‍ എന്താണ് കാര്യം’ -കാനം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്നായിരുന്നു സ്വപ്നയുടെ വാദം. ഷാജ് കിരണുമായി ബന്ധമില്ലെങ്കില്‍ എന്തിന് എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലം മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ട് ഇതുവരെ ഷാജ് കിരണിനെതിരെ നടപടിയെടുത്തില്ല. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. കോണ്‍സല്‍ ജനറലിന്‍റെ കൂടെ വിവിധ ചടങ്ങുകളിലും ക്ലിഫ് ഹൗസിലുമൊക്കെ വെച്ച്‌ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്.

2016 മുതല്‍ 2020 വരെ ക്ലിഫ് ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഒരു സുരക്ഷ പരിശോധനകളുമില്ലാതെ താന്‍ ക്ലിഫ്ഹൗസിലേക്ക് കയറിപ്പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ കാണാനാകുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ബാഗ് മറന്നുവെച്ചെന്ന് പറഞ്ഞത് ശരിയല്ലെന്നായിരുന്നു ആദ്യവിശദീകരണം. എന്നാല്‍, മറന്നുവെച്ചെന്നും അത് ആര്‍ക്കോ കൊടുക്കാനുള്ള മെമന്‍റോ ആയിരുന്നുവെന്നും ശിവശങ്കര്‍തന്നെ പിന്നീട് വ്യക്തമാക്കി. സ്പ്രിന്‍ക്ലര്‍ ഇടപാടിന്‍റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനാണെന്നും സ്വപ്ന ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *