പത്തനംതിട്ട: എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി കെ.
രാജന്.മലയോര ആദിവാസി മേഖലയിലെ പട്ടയങ്ങള്‍ പരമാവധി വേഗത്തില്‍ നല്കി, മിച്ചഭൂമി കേസുകള്‍ പരിഹരിച്ച്, പട്ടയങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു രണ്ടാംഘട്ട ജില്ലാ റവന്യു അസംബ്ലിയില്‍ പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗ്രാമസഭകള്‍ക്ക് പകരം സര്‍വേ സഭകള്‍ രൂപീകരിക്കുകയും, വില്ലേജ്, താലൂക്ക് തുടങ്ങിയവ ഇ-ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി കംപ്യൂട്ടര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ഉറപ്പാക്കും. പത്തനംതിട്ട ജില്ലയിലെ റവന്യു ഓഫീസുകളെ ഇ-ഓഫീസുകളാക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും പണം അനുവദിക്കാമെന്ന് എംഎല്‍എമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആര്‍ഡിഒ, കളക്ടറേറ്റ്, വില്ലേജ്, താലൂക്ക് ഓഫീസുകളും ഇതിനോടകം തന്നെ ഇ ഓഫീസുകളാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ജനകീയ സമിതി രൂപീകരിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹരിക്കും. റവന്യൂ ഡാഷ്ബോര്‍ഡിലെ വിഷയങ്ങള്‍ പരിഹരിച്ചുകൊണ്ട് ഇ-സാക്ഷരതയുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
