സിപിഐ എം ഇല്ലാത്ത കേരളം അപകടകരം: സാദിഖലി തങ്ങള്‍

മലപ്പുറം: സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാലും ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതിനാലുമാണ് കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തെ ചെറുക്കാനും ബിജെപി ഒഴികെയുള്ള കക്ഷികള്‍ ഇവിടെയുണ്ടാകണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നുപോലും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന വേളയിലാണ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ഈ വാക്കുകള്‍. ദേശീയതലത്തില്‍ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നുമുണ്ട്. സഖ്യത്തിലുള്ള മറ്റുള്ളവര്‍ക്ക് അവരെ സഹായിക്കാനേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് കഠിനമായി പരിശ്രമിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *