സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷന്‍ : അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്‌മിഷന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചു.

മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്‌പീക്കറുടെ നടപടി. ചോദ്യങ്ങളില്‍ നിന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സബ്‌മിഷന് നോട്ടീസ് നല്‍കിയത്. സബ്‌മിഷന്‍ പട്ടികയില്‍ ആദ്യ ഇനമായി വിഷയം ഉള്‍പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ നിയമമന്ത്രി പി രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു. സ്വര്‍ണക്കടത്തുമായി സംസ്‌ഥാന സര്‍ക്കാരിന് ബന്ധമില്ലെന്നും സബ്‌മിഷന്‍ ചട്ട വിരുദ്ധമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി

താന്‍ ഉന്നയിച്ചത് സംസ്‌ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പി രാജീവ് ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുമെന്ന് സ്‌പീക്കറും നിലപാട് എടുത്തു. തുടര്‍ന്ന് സബ്‌മിഷന് അനുമതി നിഷേധിക്കുകയായിരുന്നു.

നിയമസഭയില്‍ സര്‍ക്കാര്‍ നാടകം കളിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. സബ്‌മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *