തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ കഴക്കൂട്ടം ഫ്ളൈ ഓവറില്‍ എത്തിച്ചതിനു പിന്നില്‍ ബിജെപിക്ക് ഒരു മിഷന് ഉണ്ട്.
കേരളം പിടിക്കുക എന്നതാന് ആ ദൗത്യം. ബിജെപിക്ക് ജയ സാധ്യത ഉള്ള ലോകസഭ സീറ്റുകളില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നേരത്ത നല്‍കിയാണ് ഇത്തവണത്തെ ഓപ്പറേഷന്. തിരുവനന്തപുരത്തിന്റെ ചുമതല വിദേശകാര്യമന്ത്രി ജയശങ്കറിനാണ്. ജയശങ്കറിന്റെ ആദ്യ റൌണ്ട് മിഷന് കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ട് കണ്ടറിഞ്ഞു വിലയിരുത്തല്‍ ആണ്.
ജലജീവന്‍ മിഷന്, അമൃത് സരോവര്‍ അങ്ങിനെ വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ഉപഭോക്താക്കളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്ര പദ്ധതികളോട് എങ്ങിനെയാണ് തലസ്ഥാന വാസികളുടെ പ്രതികരണം എന്ന് നോക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളുമായും അണികളുമായും ചര്‍ച്ചയും നടത്തി.
തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് ആറ് ലോക്സഭ മണ്ഡലങ്ങളില്‍ ആണ് ബിജെപി കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയുള്ള പരീക്ഷണം. ആദ്യ റൗണ്ട് സന്ദര്‍ശന വിവരങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ച്, പിന്നെ അടുത്ത റൗണ്ടുകള്‍ എന്നതാണ് ബിജെപിയുടെ ഓപ്പറേഷന് സൌത്തിന്റെ രീതി. കേന്ദ്ര പദ്ധതികള്‍ വഴി കേന്ദ്ര മന്ത്രിമാര്‍ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടല്‍.
തിരുവനന്തപുരത്ത് അടക്കം ബിജെപി ലക്ഷ്യമിടുന്ന കേരളത്തിലെ മറ്റ് അഞ്ചു മണ്ഡലങ്ങളിലെയും വെല്ലുവിളി ആര് മത്സരിക്കും എന്നതാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ജയിച്ച ശശി തരൂര്‍ വീണ്ടും മണ്ഡലം നില നിര്‍ത്താന്‍ ഇറങ്ങും എന്നതില്‍ കോണ്‍ഗ്രസില്‍ സംശയം ഇല്ല. ജയശങ്കര്‍ ആദ്യ റൌണ്ട് കഴിഞ്ഞു മടങ്ങുമ്ബോള്‍ ബിജെപിക്കാരും ആലോചിക്കുന്നത് ആരെ ഇറക്കിയാല്‍ തലസ്ഥാനം പിടിക്കാം എന്നാണ്.
കഴക്കൂട്ടം ഫ്ലൈഓവറില്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് എന്ത് കാര്യമെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചത്. ജയശങ്കര്‍ തിരക്കുകള്‍ മാറ്റിവെച്ച് ഇവിടെ കഴക്കൂട്ടം ഫ്ളൈ ഓവര്‍ നിര്‍മ്മാണം വിലയിരുത്തുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ ചോദ്യമുയര്‍ത്തിയത്.
