തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് കാരണം എല്‍ഡിഎഫാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘രാജ്യത്തിന്റെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ത്രിപുര. അവിടെ ബിജെപിയ്ക്ക് വലിയ തോതില്‍ സ്വാധീനമുണ്ടായിരുന്നില്ല. എന്നാലവിടെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാനുപയോഗിച്ചത് കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച് അങ്ങോട്ടുവാരി എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കി. ഉള്ളതുപറയുമ്ബോള്‍ കള്ളിയ്ക്ക് തുള്ളല്‍ എന്നുപറയുന്നതാണ് ഇവിടെ നടക്കുന്നത്. അങ്ങനെ ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതെയായി.
ഇവരുടെ സ്ഥിതിയോ? കോണ്‍ഗ്രസിനെ ഏത് നിമിഷത്തിലും എവിടേയ്ക്കും വാരാനാകുമെന്ന ഉത്തമബോദ്ധ്യം ബിജെപിയ്ക്കുണ്ട്. എന്നാല്‍ നിങ്ങളെ കൂട്ടത്തോടെ വാരിയാലും കേരളത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാനാകില്ല. നിങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിന് കാരണം ഞങ്ങളാണെന്ന് മനസിലാക്കണം. ഇവിടെ ബിജെപിയെ ചേര്‍ത്തുകൊണ്ട് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപിയ്ക്ക് കരുത്താര്‍ജിക്കാന്‍ കഴിയാത്തത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ്. അതിന് ഇവിടെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തണം. അതാണ് ബിജെപിയുടെ മനമസില്‍. അതിന് ബിജെപിക്കൊപ്പം നിന്ന് സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്’- മുഖ്യമന്ത്രി വിമര്‍ശിച്ചു.
