തമിഴ്നാട് സ്വദേശിയെ പരിചയപ്പെടുന്നത് പബ്‌ജി വഴി; മൂന്നുകുട്ടികളെ ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടിയത് പത്ത് മാസം മുന്‍പ്; ഒടുവില്‍ ഇരുപത്തിയെട്ടുകാരി കുടുങ്ങിയത് ഇങ്ങനെ

മലപ്പുറം: പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തി പോലീസ്. മലപ്പുറം സ്വദേശിയായ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ ആണ് പോലീസ് പത്ത് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്.

ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ മലപ്പുറം താനൂര്‍ പൊലീസില്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.

യുവതി പബ്‌ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയില്‍ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. പത്തു മാസം മുമ്ബാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നത്.

പിഞ്ചു കുട്ടികളുടെ സംരക്ഷ ചുമതല നിര്‍വഹിക്കാതെ ഉപേക്ഷിച്ച്‌ പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. താനൂരില്‍ തിരിച്ചെത്തിച്ച യുവതിയെ മജിസ്‌ട്രെറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *