നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നു;ബൈക്ക് യാത്രികന് ദാരുണാന്ത്യം

കല്‍പറ്റ:പെട്ടെന്ന് തുറന്ന നിര്‍ത്തിയിട്ട കാറിന്റെ ഡോറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവാവ് മറ്റൊരു കാര്‍ ദേഹത്തു കയറി മരിച്ചു. മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപമാണ് അപകടം.

റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്ബോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച്‌ വീണ റഫീഖിന്റെ മുകളിലൂടെ പുറകില്‍ വന്ന കാര്‍ കയറിയിറങ്ങി.

ഡോറില്‍ തട്ടിയ ശേഷം തെറിച്ച ബൈക്കില്‍ നിന്നും റഫീഖ് റോഡില്‍ വീഴുകയും, ഇതേ ബൈക്ക് പുറകില്‍ വന്ന മറ്റൊരു കാറിലിടിച്ച ശേഷം റഫീക്കിന്റെ മുകളിലേക്ക് മറിഞ്ഞ് വീണാണ് അപകടമെന്നും ദൃക്‌സാക്ഷിയായ പുല്‍പ്പള്ളി ആറാം മൈല്‍ സ്വദേശിയായ ഒരു യുവാവ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ വരുന്നതായി പോലിസ് വ്യക്തമാക്കി.

മൃതദേഹം ബത്തേരി അസംപ്ഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരി പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മരിച്ച റഫീഖ് പെയിന്റിങ് തൊഴിലാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *