വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശില്പകലയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ഇത്തരത്തില്‍ പുരാതന ഭംഗി നിലനിര്‍ത്താന്‍ പ്രോത്സാഹനം നല്കുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു.
ഗ്രാമാന്തരീക്ഷത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര സന്തോഷം അറിയിച്ചത്. 57 സെക്കന്റ് വീഡിയോയാണിത്.
സഞ്ചാരികളുടെ മനംകവര്‍ന്ന എന്‍ ഊര് എന്ന കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണിത്. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ‘ആദിവാസി ശില്പകലയോടൊപ്പം തദ്ദേശീയ ജീവിതശൈലി അനുഭവിപ്പിക്കുന്ന ഇടം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന രൂപകല്പ്പനയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പൈതൃക ഗ്രാമം 2022 ജൂണ്‍ 4-നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വനവാസി സമൂഹങ്ങളുടെ നിയന്ത്രണത്തിലാണ് ഈ പദ്ധതി. ഗോത്രവര്‍ഗക്കാരുടെ പൈതൃകവും സംസ്കാരം അറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരം നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
