ടൂറിസം ലെഡ് റിക്കവറി സാധ്യത പരിശോധിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കോവിഡാനന്തര കാലഘട്ടത്തില്‍ സമ്ബദ് ഘടനയുടെ വീണ്ടെടുപ്പിന് സഹായകരമായ ടൂറിസം ലെഡ് റിക്കവറി പദ്ധതി സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം കേന്ദ്ര ബിന്ദുവാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ജീവനോപാധികളുമായി ബന്ധപ്പെട്ട് വിവിധ ജനകീയ സംരംഭങ്ങളെ വളര്‍ത്തിയെടുക്കുക, സാംസ്ക്കാരിക വിനിമയം അഥവാ കള്‍ച്ചറല്‍ എക്സ്ചേഞ്ച് വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങി നിരവധി മേഖലകളില്‍ ടൂറിസത്തിന് പ്രധാന പങ്കു വഹിക്കാന്‍ സാധിക്കും.

കൃഷി, മത്സ്യബന്ധനം, ഗതാഗതം, വിദ്യാഭ്യാസം, ഹോട്ടല്‍- റെസ്റ്റോറന്റ് സെക്ടര്‍, ഷോപ്പിംഗ് മാളുകള്‍, സുവനീറുകള്‍ എന്നീ മേഖലകള്‍ തമ്മിലുള്ള വളരെ ഫലപ്രദമായ ഒരു നെറ്റ് വര്‍ക്കിങ് സാധ്യമാക്കി സമ്ബദ് വ്യവസ്ഥയുടെ ആകെയുള്ള തിരിച്ചു വരവിന് സഹായകരമാകാന്‍ ടൂറിസത്തിനു കഴിയും. ഇക്കാര്യം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

സംസ്ഥാനത്ത് കോണ്‍ഷ്യസ് ട്രാവല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികള്‍ കൂടുതല്‍ ദൂരമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുകയും സാധാരണയിലും നീണ്ട കാലത്തേക്ക് ആ സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.

പ്രാദേശിക ജീവിത രീതികളെയും ദൈനദിന ഉത്പന്നങ്ങളേയും പൂര്‍ണമായി അടുത്തറിയുന്ന ഉപഭോക്താക്കളായി തന്നെ സഞ്ചാരികള്‍ അവിടങ്ങളില്‍ ഒരു നിശ്ചിത കാലത്തേക്ക് ജീവിക്കുന്ന രീതി കൂടിയാണ് കോണ്‍ഷ്യസ് ട്രാവല്‍. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നമ്മള്‍ മുന്നോട്ടു വെയ്ക്കുന്ന എക്സ്പീരിയന്‍സ് ടൂറിസം ഇത്തരം യാത്രികരെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതാണ്.

നമ്മുടെ മണ്‍സൂണ്‍ കാലം, കാലാവസ്ഥ മാത്രമല്ല, കര്‍ക്കിടക കഞ്ഞി പോലുള്ള പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്നത് മഴക്കാലത്ത് കേരളത്തില്‍ പതിവാണ്. കൂടാതെ ആയുര്‍വേദവുമായി ബന്ധപ്പെട്ടുള്ള ചികിത്സാ രീതികള്‍ക്കും മണ്‍സൂണ്‍ സമയം തെരഞ്ഞെടുക്കാറുണ്ട്.നമ്മുടെ നാട്ടിലെ ഈ സവിശേഷതകള്‍ ആസ്വദിക്കാന്‍ മണ്‍സൂണ്‍ കാലം മുഴുവന്‍ ഇവിടെ ചിലവഴിക്കാന്‍ ലക്ഷ്യമിട്ടു വരുന്ന സഞ്ചാരികള്‍ ഏറെയാണ്. അത്തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്രത്യേകമായ പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *