ആറൻമുള ഗ്രാമ പഞ്ചായത്തിനെതിരെ അയിരൂർ കാഞ്ഞീറ്റുകര നെടുംകടവിൽ തോമസ് ഏബ്രഹാം നൽകിയ കേസിലാണ് ആറൻമുള ഗ്രാമ പഞ്ചായത്തിനെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി എസ് ഗോവിനാഥൻ വിധി കല്പിച്ചത്. ഒൻപതു ശതമാനം പലിശ കൃത്യവിലോപം കാട്ടിയ പഞ്ചായത്തു ജീവനക്കാരിൽ നിന്നും ഈടാക്കാനും നിർദ്ദേശമുണ്ട്.
തെരുവുവിളക്കിൻ്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കിയിട്ടും കെട്ടിവെച്ച തുകയും ബാക്കി കരാർ തുകയും നൽകാൻ സെക്രട്ടറി തയ്യാറായില്ല.കരാർ സംബന്ധിച്ച ഫയൽ മോഷണം പോയി എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതു സംബന്ധിച്ച് 383/2019 നമ്പറായി ഒരു കേസും നൽകിയിരുന്നു. വിവാദ പ്രവർത്തി സംബന്ധിച്ച എല്ലാ രേഖകളും പരാതിക്കാരൻ്റെ കൈവശം ഉണ്ടായിട്ടും പുതിയ ഫയൽ തയ്യാറാക്കാൻ പഞ്ചായത്ത് തയ്യാറായില്ല.
ഇത്തരം ഒരു സാഹചര്യത്തിലാണ് പരാതിക്കാരൻ്റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ 1,00,257 രൂപാ 9 ശതമാനം പലിശ സഹിതം നൽകണമെന്ന് കഴിഞ്ഞ ജൂൺ 23 ന് വിധി ഉണ്ടായത്.പരാതിക്കാരന് പലിശ നൽകുന്നതുമൂലം പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും 6 മാസത്തിന് ഈടാക്കാൻ പഞ്ചായത്ത് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുള്ളത്.
