ന്യൂഡല്‍ഹി : മഹാരാഷ്ട്ര ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഒട്ടേറെ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്നും ഇതിലാണ് ആദ്യം തീര്‍പ്പു വേണ്ടതെന്നും സുപ്രീം കോടതി.
ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ 6 ഹര്‍ജികള്‍ ഓഗസ്റ്റ് 1നു പരിഗണിക്കാനായി മാറ്റി. ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഇന്നലെ വാദം കേട്ടെങ്കിലും വിഷയം സങ്കീര്‍ണമെന്ന സൂചനയാണു കോടതി നല്‍കിയത്. വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന കാര്യം 27നകം തീരുമാനിക്കാന്‍ ജഡ്ജിമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടു.
