എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ്. ഇ പി ജയരാജന്‍ അകത്ത് പോകുമെന്ന ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.
അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വധശ്രമ കേസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയതുറ ഇന്‍സ്‌പെക്ടര്‍ സതി കുമാറാണ് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്.
