സ്വര്‍ണക്കടത്ത്: കോടതി മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരേ ശിവശങ്കര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങി.
മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍. സമീപകാലത്ത് ഒന്നും വിചാരണ ആരംഭിക്കാന്‍ ഇടയില്ലാത്ത കേസില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത് വിഷയം രാഷ്ട്രീയ വിവാദം ആക്കാനാണെന്ന് സര്‍ക്കാരും കരുതുന്നു.
സംസ്ഥാന സര്‍ക്കാരിനും ശിവശങ്കറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി. ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എതിരായ ആരോപണങ്ങളെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ ശക്തമായി എതിര്‍ക്കും. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍.
ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉള്‍പ്പടെ നാല് എതിര്‍കക്ഷികളാണുള്ളത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഹര്‍ജിയില്‍ ഇ.ഡി സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കിയിട്ടില്ല. ഹര്‍ജി പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ എതിരെ കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടാകുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അങ്ങനെ ഉണ്ടാകുകയാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇതിനെ എങ്ങനെ മറികടക്കാം എന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *