ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ബാര്‍ സംബന്ധിച്ച് വിവാദം തുടരുന്നു. അസ്സഗാവിലെ ‘സില്ലി സോള്‍സ്’ എന്ന ബാര്‍ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് റസ്റ്റാറന്റ് ഉടമയുടെ ഭാര്യ മെര്ലിന് ആന്റണി ഡി ഗാമയും മകന് ഡീന്‍ ഡി ഗാമയും രംഗത്തുവന്നു.
ഗോവന്‍ എക്സൈസിന് നല്കിയ രേഖയില്‍ ആണ് ഇക്കാര്യമുള്ളത്.
2021 മേയില്‍ മരിച്ച ആന്റണി ഡി ഗാമയുടെ പേരില്‍ റസ്റ്ററന്റിന്റെ ലൈസന്‍സ് പുതുക്കിയെന്ന് ആരോപിച്ച് അഭിഭാഷകനായ അയേഴ്സ് റോഡ്രിഗസ് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്ന് മെര്ലിന് ആന്റണി ഡി ഗാമയും മകന് ഡീന്‍ ഡി ഗാമയും വ്യക്തമാക്കി. ആന്റണി ഡി ഗാമയുടെ പേരിലാണ് റസ്റ്റാറന്റ്.
ഗോവ എക്സൈസ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പിതാവ് ജീവിച്ചിരിക്കെ തന്നെ എക്സൈസ് ലൈസന്‍സിനും പുതുക്കലിനും വേണ്ടിയുള്ള ആവശ്യങ്ങള്‍ ഡീന്‍ ഡി ഗാമ ആണ് ഒപ്പുവെച്ചതെന്നും പറയുന്നു.
സില്ലി സോള്‍സ്’ എന്ന ബാര്‍ റസ്റ്ററന്റിന് 2021 മേയില്‍ മരിച്ച ഒരാളുടെ ഒപ്പിട്ട് ബാര്‍ ലൈസന്‍സ് കഴിഞ്ഞ മാസം സംഘടിപ്പിച്ചുവെന്നും സ്മൃതി ഇറാനിയുടെ കുടുംബം അഴിമതി നടത്തിയെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
